Sunday, May 11, 2014

ഫേസ്ബുക്കില്‍ പ്രണയം മൊട്ടിട്ടു; ഇനി മൗനം പങ്കുവെക്കാന്‍ രാഗേഷും വിജിതയും ഒന്നിച്ച്


രാഗേഷിന്‍െറ മൗനം പങ്കുവെക്കാന്‍ ഇനി കാസര്‍കോട്ടുകാരി കൂട്ട്. ബധിരനും മൂകനുമായ വളാഞ്ചേരി വട്ടപ്പാറ പറയത്ത് ശ്രീരാഗത്തില്‍ രാഗേഷ് മേനോനും, കാസര്‍കോട് ബന്തടുക്ക സ്വദേശിനി ബധിരയും മൂകയുമായ വിജിതയും തമ്മിലെ വിവാഹം ശനിയാഴ്ച കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടന്നു. ഞായറാഴ്ച വരന്‍െറ ഗൃഹത്തില്‍ നടന്ന സുഹൃദ് സല്‍ക്കാരത്തിന് വരന്‍െറയും വധുവിന്‍െറയും സുഹൃത്തുക്കളായ ബധിരരും മൂകരുമായ നിരവധി പേരാണ് എത്തിയത്.

പോസ്റ്റല്‍ അസിസ്റ്റന്‍റായി കാസര്‍കോട്ട് ജോലി ചെയ്യുന്ന രാഗേഷ്, ഫേസ്ബുക് വഴിയാണ് ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ വിജിതയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും ഇഷ്ടപ്രകാരം വിവാഹം നടക്കുകയായിരുന്നു. രാമദാസ് മേനോന്‍െറയും ലക്ഷ്മിദാസിന്‍െറയും മകനായ രാഗേഷിന് മൂന്നാം വയസ്സില്‍ മെനിഞ്ചൈറ്റിസ് വന്നതിനെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെടുകയായിരുന്നു. ബന്തടുക്ക സ്വദേശിയായ ചന്തുക്കുട്ടി നായരുടെയും ഗംഗാദേവിയുടെയും മകളായ വിജിതക്ക് രണ്ട് വയസ്സുള്ളപ്പോള്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് കേള്‍വിയും സംസാര ശേഷിയും നഷ്ടപ്പെട്ടത്.
സല്‍ക്കാരത്തിന് കോട്ടക്കല്‍ ഹെലന്‍ കെല്ലര്‍ വെല്‍ഫെയര്‍ ഡെഫ് ക്ളബിലെ കൂട്ടുകാരും രാഗേഷിന്‍െറ കൂടെ മാലാപറമ്പ് അസീസി ബധിരവിദ്യാലയത്തിലെയും ഹയര്‍ സെക്കന്‍ഡറിക്ക് പഠിച്ച കോട്ടയത്തെ സ്കൂളിലെയും കൂട്ടുകാര്‍ എത്തിയിരുന്നു.

Subscribe to get more videos :