Monday, May 12, 2014

അടുത്ത മാസം ദൃശ്യം വീണ്ടും ഷൂട്ട്‌ ചെയ്യും; ഹോം വീഡിയോ വില്‍പ്പനയിലും ദൃശ്യത്തിന് റെക്കോര്‍ഡ്‌ !


‘ദൃശ്യം’ 150 നാള്‍ ആഘോഷിച്ച വാര്‍ത്ത‍ നിങ്ങള്‍ വായിച്ചു കാണും. മലയാള സിനിമയില്‍ ഇതുവരെ നിലവിലുള്ള റെക്കോര്ഡുകള്‍ എല്ലാം പൊട്ടിച്ചു കൊണ്ട് ദൃശ്യം മുന്നേറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിനിടെ മലയാള സിനിമയില്‍ രാജാവായി വാഴുന്ന ദൃശ്യം അടുത്ത മാസം വീണ്ടും ഷൂട്ട്‌ ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത‍. ജീത്തു ജോസഫ് ചിത്രത്തിന്റെ തമിഴ് റീമേക്ക് ഷൂട്ട് ജൂണില്‍ ആരംഭിക്കുകയാണ്. കമല്‍ഹാസനും ഗൌതമിയുമാണ് പ്രധാന താരങ്ങള്‍. കളക്ഷനില്‍ ദൃശ്യം സൃഷ്ടിച്ച റെക്കോര്‍ഡ് മറികടക്കുക എന്നത് ഇനി ഏത് സംവിധായകന്റെയും താരത്തിന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നമായിരിക്കും. എറണാകുളത്തെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് 150 ദിനങ്ങളുടെ ആഘോഷച്ചടങ്ങുകള്‍ നടന്നത്. സത്യന്‍ അന്തിക്കാട്, കമല്‍, കെ മധു, എസ് എന്‍ സ്വാമി തുടങ്ങി ഒട്ടേറെ അതിഥികള്‍ ഈ അപൂര്‍വ വിജയത്തിന്റെ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. എങ്കിലും സ്റ്റാര്‍ അട്രാക്ക്ഷന്‍ എന്നുപറയുന്നത് ദൃശ്യം നായകന്‍ മോഹന്‍ലാല്‍ തന്നെ ആയിരുന്നു. ഒട്ടുമിക്ക ബി ക്ലാസ്സ്‌, സി ക്ലാസ്സ്‌ തിയേറ്ററുകള്‍ക്ക് ജീവവായു നല്‍കിയാണ്‌ ദൃശ്യം ഓടുന്നത് എന്നാണ് റിപ്പോര്‍ട്ട്‌. കണ്ടവര്‍ പിന്നെയും ബന്ധുക്കളെയും മറ്റും കൂട്ടി വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു എന്നുമാണ് റിപ്പോര്‍ട്ട്‌. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹോം വീഡിയോ റിലീസ് ചെയ്ത ചിത്രത്തിന് ആ മേഖലയിലും റെക്കോര്‍ഡ്‌ വിലപ്പനായാണ് നടന്നത്. ചിത്രം കാണുവാന്‍ ടോരന്റിനെ ആശ്രയിക്കാതെ ഡിവിഡിയും ബ്ലൂ റെ ഡിസ്കും തേടി ആളുകള്‍ തിരക്ക് കൂട്ടി എത്തുകയാണെന്നാണ് റിപ്പോര്‍ട്ട്‌. ഏറ്റവുമധികം പ്രീ ഓര്‍ഡര്‍ ലഭിച്ച മലയാള ചിത്രമായി ദൃശ്യം മാറിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് തന്നെ ചിത്രം എല്ലാ ഷോപ്പുകളില്‍ നിന്നും വിറ്റ് പോയത്രേ. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ മൈഇന്ത്യഷോപ്പിംഗ്‌ അധികൃതര്‍ പറഞ്ഞത് തങ്ങള്‍ക്ക് ഇതുവരെ ഇത്ര പെട്ടെന്ന് ഒരു ചിത്രത്തിന്റെ പ്രീ ഓര്‍ഡര്‍ വന്നിട്ടില്ലെന്നാണ്. പ്രീ ഓര്‍ഡര്‍ ചെയ്ത എല്ലാവര്ക്കും സിനിമ അയച്ചു കൊടുക്കാനാവാത്ത ദുഖത്തിലാണ് ഈ വെബ്സൈറ്റ് അധികൃതര്‍. സൈറ്റില്‍ ചിത്രത്തിന്റെ ഡിവിഡിക്ക് 130 രൂപയും ബ്ലൂ റെ ഡിസ്കിന് 700 രൂപയുമാണ് വില. ചിത്രത്തിന്റെ ബ്ലൂ റെ വില്‍പ്പനയാണ് തങ്ങളെ ഞെട്ടിച്ചു കളഞ്ഞതെന്ന് അവര്‍ പറയുന്നു.

Subscribe to get more videos :