Sunday, May 11, 2014

എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി


തിരുവനന്തപുരം: ഇല്ലാത്ത യോഗ്യത എഴുതിച്ചേര്‍ത്ത് ബയോഡാറ്റ തിരുത്തി എന്ന  കാരണം ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി.  കേരളത്തില്‍ ആദ്യമായാണ് സര്‍വകലാശാലാ വി.സിയെ ഗവര്‍ണര്‍ പുറത്താക്കുന്നത്.

ഇരിങ്ങാലക്കൂട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരിക്കെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ എന്‍വയോന്‍മെന്‍്റ് സയന്‍സ് വകുപ്പ് തലവനാണെന്ന് ബയോഡാറ്റയില്‍ എഴുതി ചേര്‍ത്തെന്നാണ് ആരോപണം. കേന്ദ്ര സര്‍വകലാശാലയില്‍ എ.വി ജോര്‍ജ് ഡെപ്യുട്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് വി.സി നിയമനത്തിന് അപേക്ഷ നല്‍കിയതെന്ന് പറയുന്നു. ഇതെ കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം അന്വേഷണം നടത്തിയിരുന്നു. എ.വി ജോര്‍ജിന്‍്റെ നിയമനം തെറ്റാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ശിപാര്‍ശ. ഈ ശിപാര്‍ശ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും ഒപ്പിടുകയും ഗവര്‍ണര്‍ക്ക് അയക്കുകയുമായിരുന്നു. തുടര്‍ന്ന് അന്ന് ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ എ.വി ജോര്‍ജിനെ വിളിച്ചു വരുത്തി ഹിയറിങ് നടത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെ നിഖില്‍ കുമാര്‍ രാജിവെക്കുകയും ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്തു. ഈ മാസം ഏഴിന് ഷീലാ ദീക്ഷിത് ഹിയറിങ് നടത്തിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി.

Subscribe to get more videos :